മലങ്കര സഭയും, മലങ്കര നസ്രാണികളും - ഒരു പുനർവായന
കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിനു ക്രിസ്തുവിന്റെ കാലത്തോളം പഴക്കം ഉണ്ടെന്ന് വിശ്വാസികൾ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ക്രിസ്തുവിന്റെ ശിഷ്യനായ തോമ ശ്ലീഹ ഭാരത മണ്ണിൽ വന്ന് സുവിശേഷത്തിന്റെ വിത്ത് പാകി എന്നത് കഥയായും ചരിത്രമായും പലരും പറഞ്ഞു കേട്ട ഒരു ഭൂമികയിൽ ആണ് നാം ജീവിക്കുന്നത്. കേട്ടുപഴകിയ ആ കഥകൾ മുതലുള്ള ഒരു ചരിത്രപരമായ പുനർവായന ആണ് ജോർജ് അലക്സൻഡർ, ഗ്രീഷ്മ റെഡ്ഢി, സക്കറിയ റോയ്, ജോസഫ് നൗൺ എന്നീ ലേഖകരുടെ ശ്രമഫലമായി ഈ വർഷത്തിന്റെ ആദ്യംപാദത്തിൽ പുറത്തിറങ്ങിയ ‘എ ഹിന്ദു ചർച്ഛ് ആൻഡ് ആൻ ഇന്ത്യൻ ക്രൈസ്റ്റ്’ എന്ന പുസ്തകം.
സാമാന്യ ജനങ്ങളുടെ മനസ്സിൽ പണ്ടേ കോറിയിട്ട ഇത്തരം വിശ്വാസത്തെ മറ്റൊരു ഗതിയിലൂടെ പുതിയ ഒരു ലോകത്തേക്ക് എത്തിക്കുകയും, അപ്രകാരം രേഖപ്പെടുത്തുന്ന വ്യാഖ്യാനങ്ങൾക്കു അംഗീകാരമോ പ്രചാരമോ ലഭിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. എങ്കിലും തങ്ങളുടെ ദൗത്യം ഭംഗിയായി നിർവഹിക്കുവാൻ ലേഖകർ ഏറെ പരിശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ നിലനിൽക്കുന്ന ജാതിപരമായ ഉച്ചനീചത്വങ്ങളുടെ ബാക്കി പത്രം ആണ് ഒരു തരത്തിൽ പറഞ്ഞാൽ സുറിയാനി ക്രിസ്ത്യാനികൾ എന്ന നാമം. ഉന്നതകുലജാതർ എന്ന് സ്വയം വിശേഷിപ്പിക്കാനായി ഉപയോഗിച്ച് ശീലിച്ച ഈ ശൈലിയെ പുസ്തകത്തിൽ ഉടനീളം കാര്യകാരണസഹിതം വിമർശന വിധേയമാക്കുന്നു.
പുസ്തകത്തിന്റെ ആമുഖത്തിൽ വിവരിച്ചിരിക്കുന്ന സംവാദവും അതിലെ ഉള്ളടക്കവും സത്യത്തിൽ ഈ പുസ്തകത്തിന്റെ രത്നച്ചുരുക്കം തന്നെ ആണ്. കേരളീയ സമൂഹത്തിലെ മൂന്നു വത്യസ്ഥ ധാരകളുടെ പ്രതിനിധികളിലൂടെ ഗ്രന്തകർത്താവ് തനിക്കു പറയാനുള്ളത് പറഞ്ഞുവക്കുന്നു. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലൂടെ കടന്നുപോകുമ്പോൾ മലങ്കര സഭയുടെ സമഗ്രമായ ആദിമകാല ചരിത്രവും പിന്നീട് സഭയിലുണ്ടായ പശ്ചാത്യ വൽക്കരണത്തിന്റെ പ്രതിധ്വനികളും ചർച്ച ചെയ്യുന്നു. തുടർന്ന് പോർച്ചുഗീസ് ആധിപത്യവും റോമ സഭയുടെ കടന്നുവരവും അതുമൂലം മലങ്കരസഭയുടെ ഘടനയിലുണ്ടായ പിളർപ്പും പ്രതിപാദിക്കുന്നു.
ആധുനീക സമൂഹത്തിൽ കലകളും സിനിമയും നൽകുന്ന സ്വാധീനം വളരെ വലുതാണ്. മതപരമായ പ്രതീകങ്ങളും ചിഹ്നങ്ങളും ഒക്കെ പലപ്പോഴും അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ ക്രൈസ്തവ പ്രതീകങ്ങൾ ഏറ്റവും അധികം ദുരുപയോഗപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു എന്ന് ലേഖകൻ വിലപിക്കുന്നു. എന്തും മതപരമായ കണ്ണിലൂടെ കാണുന്ന ഉത്തരാധുനിക സമൂഹത്തിനു ഇത് അല്പം പോലും ആശങ്ക ഉണ്ടാക്കില്ല എങ്കിലും ഇന്ന് ഇത്തരം വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും നമ്മെ പിന്നോട്ട് അടിക്കുന്നില്ലേ എന്ന് ചിന്തിക്കുക സ്വാഭാവികം.
മലങ്കര സഭയുടെ ഭാരതവൽക്കരണം എന്നത് വളരെ വിശദമായി വിവരിക്കുന്നുണ്ട്. ആദ്യമായി ഈ വിഷയത്തെ സമീപിക്കുന്നവർക്കു ഇത് ഒരു കാവി വൽക്കരണം ആയി തോന്നിയേക്കാം. പക്ഷെ മലങ്കര സഭ അതിന്റെ സ്ഥാപനം മുതൽ ഭാരതീയ സംസ്കാരത്തോടു അതിന്റെ തനിമയോടും ചേർന്ന് നിൽക്കുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്. വിശ്വാസത്തിനു കോട്ടം വരാതെ സനാതന മൂല്യങ്ങളും ആചാരങ്ങളും ഇഴചേർത്തു നിർത്തുവാൻ മലങ്കര സഭ മക്കൾ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ആദിമ കാല ക്രൈസ്തവ കൂട്ടായ്മകൾ എല്ലാം അതാത് ദേശത്തിന്റെ സാംസ്കാരിക തനിമകളെ നെഞ്ചിൽഏറ്റികൊണ്ടു തന്നെ ആണ് വളർന്നു വന്നത്. സാംസ്കാരികമായ പൈതൃകങ്ങൾ ക്രൈസ്തവലോകത്തിൽ സ്വംശീകരിച്ചതിന്റെ പട്ടിക അക്കമിട്ട് നിരത്തി ലേഖകർ സമർത്ഥിക്കുന്നു. പക്ഷെ ആ പൈതൃകങ്ങൾ ഉൾക്കൊള്ളുവാൻ ഇന്നിന്റെ തലമുറയ്ക്ക് സാധിക്കുന്നുണ്ടോ എന്നത് ഒരു സംശയം തന്നെയാണ്.
വായനയുടെ അന്ത്യത്തിൽ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്ന പല സങ്കൽപ്പങ്ങളും തകർന്നു വീഴുന്ന കാഴ്ച കാണുവാൻ സാധിക്കും. മലങ്കര സഭയിലെ വിശ്വാസികൾക്ക് പൊതുവിൽ നഷ്ടപ്പെട്ടു പോയ സ്വത്വബോധം കുറച്ചൊക്കെ വീണ്ടെടുക്കാൻ ഈ പുസ്തകം മൂലം സാധിക്കും. സുറിയാനി ക്രിസ്ത്യാനികൾ എന്നതിന് അപ്പുറം മലങ്കര നസ്രാണികൾ എന്ന പൗരാണികമായ നാമധേയം എത്രത്തോളം സ്വീകാര്യം എന്ന് പുസ്തകം അടിവര ഇട്ടു ഉറപ്പിക്കുന്നു.
ഭാരത ക്രൈസ്തവരുടെ അസ്തിത്വം, സ്വത്വബോധം ദിശാബോധം, തനിമ ഇവയെ കുറിച്ച് പുതിയ കാഴ്ചപ്പാടുകൾക്കും പഠനങ്ങൾക്കും വിവാദങ്ങൾക്കും വിചിന്തനങ്ങൾക്കും ഈ പുസ്തകം ഒരു ദിശാസൂചികയായി മാറട്ടെ.

Comments
Post a Comment