ക്രിസ്തുമതവും,ഡോക്ടർ ബാർട് എർമാനും ചില തിരിച്ചറിവുകളും

 


ക്രിസ്തുമതവും,ഡോക്ടർ ബാർട് എർമാനും ചില തിരിച്ചറിവുകളും

ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ആണ്. (The original article written for Charithranweshikal FB group)
ഏകദേശം നാലു വർഷം മുൻപാണ് എൻറ്റെ പ്രിയ സുഹൃത്തും, റിസർച്ച് ഗൈഡുമായ ശ്രീ ജീവൻ ഫിലിപ്പ് ആദ്യകാല ക്രിസ്തുമതം (Early Christianity) എന്ന പഠന ഗവേഷണ മേഖലയിലെ ലോകപ്രശസ്തനായ ഡോക്ടർ ബാർട് എർമാൻ എന്ന സ്‌കോളറിനെ കുറിച്ച് എന്നോട് പറയുന്നത്. തുടർന്നുള്ള സംഭാഷണങ്ങളിൽ പലതവണ ഡോക്റ്റർ എർമാനെക്കുറിച്ചു പ്രതിപാദിക്കുകയും, അദ്ദേഹത്തിൻറ്റെ ഗവേഷണങ്ങളും മറ്റും കാര്യമായി വിശകലനം ചെയ്യുകയും ചെയ്തു. എർമാൻറ്റെ പുസ്തകങ്ങൾ വായിച്ചു എന്ന കാരണം കൊണ്ട് ഒരാൾ ഇന്നുവരെ ക്രിസ്തുമത്തെകുറിച്ചു വിശ്വസിച്ചു വന്നിരുന്ന എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കണെമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ നിക്ഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്താനും, ഇന്നുവരെ ചോദിക്കത്ത പല ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങൾ തേടാനുള്ള ഒരു താല്പര്യം പലരിലും ഉണ്ടായേക്കാം. ക്രിസ്തുമത ചരിത്രം, ബൈബിൾ, വിശ്വാസം, വിവിധ സഭകളുടെ പഠിപ്പിക്കലുകൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ വീക്ഷണത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ വായനക്കരെ അദ്ദേഹത്തിൻറ്റെ പുസ്തകങ്ങളും, ലേഖനങ്ങയും, ക്ലാസുകളും സഹായകരമായി തീർന്നേക്കാം, കൂടാതെ വിമർശനാത്മക വിശകലനത്തിലേക്ക് വായനക്കാരെ എത്തിക്കുകയൂം ചെയ്യും.
എർമാൻറ്റെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയതിനു ശേഷം, അന്നുവരെ ഞാൻ ക്രിസ്തുമത്തെകുറിച്ചു വിശ്വസിച്ചു വെച്ചിരുന്ന എല്ലാ കാര്യങ്ങളും മുന്നൂറ്റി അറുപതു ഡിഗ്രി മാറ്റങ്ങൾക്ക് വിധേയപ്പെട്ടു എന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ് ഇവിടെ എഴുതാൻ തീരുമാനിച്ചത്. ആദ്യകാല ക്രിസ്തുമതത്തെകുറിച്ചു എന്തെക്കെയോ അറിയാമെന്നുള്ള എന്റെ എല്ലാ വിശ്വാസവും അഹങ്കാരവും അതോടെ അവസാനിച്ചു. 'ഓർത്തഡോൿസ് കാത്തോലിക്' (Orthodox Catholic faith) വിശ്വാസമാണ് ആദ്യം മുതലേ ഉണ്ടായിരുന്നത് എന്നുള്ള ധാരണ ഉടച്ചുവാർക്കപെട്ടു. ഓർത്തഡോൿസ് ക്രിസ്ത്യൻ 'ഫെയിത് ആൻഡ് യൂണിറ്റിയെ' അതിശക്തതമായി പിന്താങ്ങിയിരുന്ന ഒരു വ്യക്തിയെന്ന നിലയിൽ നിന്നും ആദ്യകാല ക്രിസ്തുമതത്തിന്റെ ഉത്ഭവവും, വികാസവും എന്നെ മർമ്മ പ്രധാനമായ വസ്തുതകളിലേക്ക്‌ ഞാൻ എത്തപ്പെട്ടു. ക്രിസ്തുമതത്തിൻറ്റെ ആദ്യ ഇരുനൂറു വർഷവും അതിനു ശേഷം സംഭവിച്ചതുമായ കാര്യങ്ങൾ പഠിക്കാനുള്ള വലിയ അവസരം കൂടിയായി എർമാൻറ്റെ പുസ്തകങ്ങൾ വഴിവെച്ചു. പൊതുവെ മതത്തെയും, പ്രത്യേകിച്ച് ക്രിസ്തുമതത്തെയും കുറിച്ചുള്ള വീക്ഷണം മാറ്റിമറിച്ച ഒരു അനുഭവം ആയിരുന്നു എർമാൻറ്റെ പുസ്തകങ്ങൾ.

ആരാണ്  ഡോക്ടർ ബാർട് എർമാൻ ?
പുതിയ നിയമം, ചരിത്രപുരുഷനായ യേശു, ആദ്യകാല ക്രിസ്തുമതത്തിന്റെ ഉത്ഭവവും വികാസവും എന്നിവ കേന്ദ്രികരിച്ചു പഠനങ്ങളും ഗവേഷണങ്ങളും ചെയ്യുന്ന ഒരു അമേരിക്കൻ ടെക്സ്റ്റുവൽ ക്രിട്ടിക്കും, ഏർലി ക്രിസ്ടയാനിറ്റി സ്‌കോളറുമാണ് ബാർട്ട് ഡെന്റൺ എർമാൻ. മൂന്ന് അക്കാഡമിക് പുസ്തകങ്ങൾ ഉൾപ്പെടെ മുപ്പതോളം പുസ്തകങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ പല പുസ്തകങ്ങളും ന്യൂയോർക് ടൈംസ് ബെസ്റ്റ് സെല്ലേഴ്‌സുമാണ്. ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാലയിൽ മതപഠന പ്രൊഫസറായി ഡോക്ടർ ബാർട് എർമാൻ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. ആദ്യ കാലങ്ങളിൽ അദ്ദേഹവും ഒരു തീവ്ര ക്രിസ്തുമത വിശ്വാസി ആയിരുന്നു എന്നുള്ളത് വളരെ ശ്രധേയമായ വസ്തുതയാണ്. സ്വന്തം ഗവേഷണ ഉദ്യമങ്ങളുടെ ബാക്കിപത്രമായിട്ടാവാം, ഡോക്ടർ എർമാൻ ഇന്ന് ഒരു വിശ്വാസിയല്ല. യാതൊരു തരത്തിലുള്ള വിശ്വാസ സംഘടനാപരമായ ബന്ധങ്ങൾക്ക്‌ (faith-based institutional affiliation) വിധേയപ്പെടാത്തയാണ് എർമാൻ തന്റെ പ്രവർത്തന മേഖലയിൽ വ്യാപൃതനായിരിക്കുന്നത്. വളരെ സെൻസിബിളായി ചരിത്ര രചന നടത്തുന്ന സ്‌കോളറാണ് എർമാൻ എന്ന് എനിക്ക് അനുഭവപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വായിക്കാനുള്ള താല്പര്യവും കൂടുതലാണ്. യേശുക്രിസ്തുവിനെക്കുറിച്ചും, അദ്ദേഹത്തിൻറ്റെ ജീവിതം, ശിഷ്യന്മാർ, അന്നത്തെ സാമൂഹിക മത രാഷ്ട്രീയ ചുറ്റുപാടുകൾ, വിചാരണ, കുരുശുമരണം, ആദ്യകാല ക്രിസ്തുമത വിശ്വാസികൾ എന്നിവയെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ഇതുപോലുള്ള പഠനങ്ങൾ സഹായകരമാവും. വിശ്വാസ പ്രസ്ഥാങ്ങളുമായിട്ടുള്ള ഇവരുടെ നോൺ-അഫിലിയേഷൻ സ്റ്റാറ്റസ് ആണ് എർമാനെപോലുള്ളവരെ തികച്ചും വ്യത്യസ്തരാക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ പഠനങ്ങൾ തീർത്തും വസ്തുനിഷ്ട്ടമാണ് (Objective).

ടെക്സ്റ്റുവൽ ക്രിട്ടിസിസം (Textual Criticism)
യഥാർത്ഥ (original) എഴുത്തുകാരൻ എഴുതിയ ഡോക്യൂമെൻറ്റുകൾ ഇല്ലാതെ അവയുടെ പകർപ്പ് മാത്രം ലഭ്യമാകുന്ന സാഹചര്യം ഉണ്ടായാൽ, ആ ഒറിജിനൽ ടെസ്റ്റുകൾ പുനർനിർമിക്കാനുള്ള ശ്രമങ്ങളണ് ഒരു ടെക്സ്റ്റ്വൽ ക്രിട്ടിക്‌ ചെയ്യുന്നത്. യേശു എന്ന മനുഷ്യൻ്റെ ജീവിത സാഹചര്യങ്ങൾ, സുവിശേഷം, നസ്രേത് എന്ന ഗ്രാമം, ശിഷ്യഗണം, ആദ്യകാല ക്രിസ്ത്യൻ സഭകൾ, അവരുടെ വിശ്വാസങ്ങൾ, അവർ തമ്മിലുള്ള പ്രശ്നങ്ങൾ, ബൈബിൾളിന്റെ ക്രോഡീകരണം, സഭകളുടെ വളർച്ച, സുവിശേഷങ്ങൾ, അവ തമ്മിലുള്ള പ്രശ്നങ്ങൾ, സുവിശേഷങ്ങൾ എഴുതപെട്ട ഭാഷ , തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി കാര്യങ്ങളെകുറിച്ച് വസ്തുനിഷ്ട്ടമായി എർമാൻ ഗവേഷണം നടത്തിയിട്ടുണ്ട്. വളരെ കോംപ്ലക്സ് ആയ ഈ വിഷയങ്ങൾ സാധാരണകർക്ക് മനസിലാകുന്ന വിധം ആണ് ഡോക്ടർ എർമാൻ തന്റെ പുസ്തകങ്ങളിലും, ലേഖനങ്ങളിലും ആലേഖനം ചെയ്തിട്ടുള്ളത് .

ഹിസ്റ്റോറിക്കൽ -ക്രിട്ടിക്കൽ മെത്തേഡും (Historical-Critical Method) എർമാനും
പുരാതന ഗ്രന്ഥങ്ങളുടെ ഉത്ഭവത്തെകുറിച്ചുള്ള ഗവേഷണ - വിമർശനാത്മക ശാഖയാണ് ഹിസ്റ്റോറിക്കൽ -ക്രിട്ടിക്കൽ മെത്തേഡ്. സുവിശേഷങ്ങളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഡോക്ടർ ബാർട് എർമാൻ ഉന്നയിക്കുന്ന ചോദ്യങ്ങളും അവക്ക് നൽകുന്ന ഉത്തരങ്ങളുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. എർമാൻ മാത്രമല്ല, അദ്ദേഹത്തെപ്പോലെ മറ്റനേകം സ്കോളർസ്‌ 'ഹിസ്റ്റോറിക്കൽ ക്രിസ്ത്യൻ ഒറിജിൻ ആൻഡ് ടെവേലോപ്മെൻറ്റ്' എന്ന മേഖലയിൽ ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. പൊതുവെ വിശ്വസിച്ചു വരുന്ന അല്ലെങ്കിൽ പഠിപ്പിച്ചു വരുന്ന ക്രിസ്തുമത ചരിത്രം, വേദശാസ്ത്രം എന്നിവയിൽ നിന്നും വ്യത്യസ്തമായി വസ്തുനിഷ്ട്ടമായ ചരിത്രം, പുരാവസ്തുശാസ്ത്രം, നരവംശശാസ്‌ത്രം, എക്കൊണോമിക്സ്, വേദപുസ്തക നിരൂപണം, അങ്ങനെ പല മേഖലകളും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഇവർ പഠനങ്ങൾ നടത്തുന്നത്. ഹിസ്റ്റോറിക്കൽ -ക്രിട്ടിക്കൽ മെത്തേഡ് ഇവരിൽ പലരും ഉപയോഗിക്കാറുണ്ട്.

ആദ്യകാല ക്രിസ്തുമതവും, ഇന്നതെ മുഖ്യധാരാ ക്രിസ്തുമതവും
എർമാൻ ഒരു ക്രിസ്ത്യൻ മിത്തിസ്സിസ്റ്റ് (mythicist) അല്ല എന്ന കാര്യം ഓർക്കേണ്ടതുണ്ട് . യേശു എന്ന വ്യക്തിക്ക് തീർച്ചയായും അസ്തിത്വമുണ്ടായിരുന്നു എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. എന്നാൽ സഭകൾ ഉയർത്തിക്കാട്ടുന്ന യേശുവല്ല യഥാർത്ഥ യേശുവെന്ന് എർമാൻ പറയുന്നു. ബൈബിളിലുപരി, സഭകൾക്കുപരി, വിശ്വാസങ്ങൾക്കുപരി യേശുവെന്ന മനുഷ്യനെ വ്യാപ്തിയിൽ മനസിലാക്കുവാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. അന്ധമായ സഭ പഠിപ്പിക്കുകളിൽനിന്നും ഒരു മോചനം ആശ്വാസവും കൂടിയാണ് എർമാനെ പോലുള്ളവരുടെ പഠനങ്ങൾ. പുതിയ നിയമത്തിൽ രേഖപെടുത്തിയിട്ടുള്ള സംഭവങ്ങളുടെ വികാസം, അവ ഉണ്ടാകാനുള്ള കാരണങ്ങൾ, അവയുടെ വിരോധാഭാസം എന്നിവ കൂടാതെ യേശുവിൻറ്റെ ജീവിതം, ചരിത്ര വസ്തുതകൾ മറച്ചുവെക്കാതയുള്ള നിരൂപണങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് എർമാൻറ്റെ പഠനങ്ങൾ. ഒരു വിശ്വസിയെ സംബന്ധിച്ചു ഉത്തരം മുട്ടി പോകുന്ന ഒരുപാടു കാര്യങ്ങൾ എർമാൻ ചർച്ചക്ക് വിധേയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ എർമാനും അദ്ദേഹത്തെ പോലുള്ള എല്ലാ സ്‌കോഴ്‌സിനെതിരെയും ഉള്ള വിമർശനങ്ങൾക്ക് യാതൊരു കുറവുമില്ല. സഭാ വിശ്വാസികൾക്ക് ഇങ്ങനെയുള്ള കണ്ടെത്തലുകൾ ഒട്ടും സ്വീകാര്യമല്ലതാനും. വിശ്വാസികളെയും , സഭകളെയും ഇവിടെ കുറ്റപ്പെടുത്തുകയല്ല ഉദ്ദേശം. എന്നാൽ ഏർലി ക്രിസ്ത്യൻ ഒറിജിൻ ആൻഡ് ടെവേലോപ്മെന്റെ എന്ന വിഷയം സഭകൾ വിശ്വാസികളെ കാര്യമായി പഠിപ്പിക്കുനുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
ഇപ്പോൾ കാണുന്ന ക്രിസ്തുമതവും സഭകളും അവർ തുടർന്ന് വരുന്ന വിശ്വാസങ്ങളും അവരെ സംബന്ധിച്ചു ശരി മാത്രമാണ്. എന്നാൽ ആദ്യകാല ക്രിസ്തുമതം എങ്ങനെ ആയിരുന്നുവെന്നും, ഇന്നുള്ള ക്രിസ്തുമത വിശ്വാസവുമായിട്ടുള്ള അവയുടെ വ്യത്യാസങ്ങൾ എന്നതാണ് തന്റെ പഠനങ്ങളിലൂടെ എർമാൻ തുറന്നു കാട്ടുന്നത്. ബൈബിൾ എന്നത് തികച്ചും ഒരു മനുഷ്യ നിർമിത പുസ്തകമാണെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ അതിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങളുടെ ഉൽഭവം, തിരുത്തലുകൾ, അതിൽ പറഞ്ഞിട്ടുള്ള സംഭവ വികാസങ്ങളുടെ ചേർച്ച ഇല്ലായിമ, കൂടാതെ മറ്റനേകം വിഷയങ്ങൾ ഗഹനമായ പഠനങ്ങൾ എർമാനെപോലെ ഉള്ള സ്കോളേഴ്സ് നടത്തിയിട്ടുണ്ട്. എന്നിരുന്നാലും സഭാ വിശ്വാസികൾ അവ അംഗീകരിക്കാൻ തയാറല്ല. കാരണം ഇന്നുള്ള മിക്ക സഭകളും ആദ്യകാല സഭയുടെ (Early Christian Church) തുടർച്ചയാണെന്നാണ് അവകാശപെടുന്നത്. അല്ലെങ്കിൽ ആദ്യകാല ക്രിസ്ത്യാനികളുടെ വിശ്വാസം തന്നെയാണ് ഇന്നും ഞങ്ങൾ പിന്തുടരുന്നതെന്ന്‌ അവകാശം ഉന്നയിക്കുന്നവരാണ്. പക്ഷെ ഇന്നുകാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്‍തമായിരുന്നു അന്നത്തെ രീതികളും, വിശ്വാസങ്ങളും എന്ന വസ്തുത ചരിത്ര ഗവേഷണം, റെസ്റ്റുവൽ ക്രിട്ടിസിസം, കൂടാതെ മറ്റനേകം വിഷയങ്ങൾ പഠന വിധേയമാക്കി സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ, അത് അംഗീകരിക്കാൻ വിശ്വാസികളെ കൊണ്ട് സാധിച്ചെന്നുവരില്ല. 'Jesus was a Jewish apocalyptic prophet who believed in the imminent arrival of the Gods Kingdom' എന്നാണ് എർമാൻ യേശുവിനെക്കുറിച്ചു പറയുന്നത്. ഈ പറയുന്നതും സഭാ വിശ്വാസികളെ അംബന്ധിച്ചു വലിയ പ്രശ്നമാണ്. കാരണം യേശുവിന്റെ ദൈവത്വത്തെ പ്രതിപാദിക്കുന്ന വിമർശനാത്മക നിരീക്ഷണങ്ങളും, പഠനങ്ങളും സഭകൾക്ക് സ്വീകാര്യമല്ല. എന്നാൽ ബൈബിളിലെ സത്യവും അസത്യവും ഏതെന്നു കണ്ടെത്താൻ ആളുകൾ അവരുടെ ബുദ്ധി ഉപയോഗിക്കേണ്ടതുണ്ടെന്നും, നമ്മൾ കേൾക്കുന്നതും കാണുന്നതും എല്ലാം വിലയിരുത്തേണ്ടതുണ്ട് എന്നും ഡോക്ടർ എർമാൻ വിശ്വസിക്കുന്നു.
മുഖ്യധാരാ ക്രിസ്ത്യൻ സഭകളുടെ ഏറ്റവും ആശ്ചര്യകരവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഒരു സവിശേഷതയായി എർമാൻ കാണുന്നകാര്യം അവരുടെ വൈദികരെ/പാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്ന വിധമാണ്. തിരുവെഴുത്തുകളോടുള്ള വിമർശനാത്മക സമീപനങ്ങൾ പല സെമിനാരികളിലും പഠിപ്പിക്കുന്നുണ്ട്. ബൈബിളിൽ ഉള്ള പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും, ചരിത്രപരമായ തെറ്റുകളെക്കുറിച്ചും സെമിനാരി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മോശ ഉണ്ടായിരുന്നെന്നോ, യേശു യഥാർത്ഥത്തിൽ എന്താണ് പറഞ്ഞതെന്നും ചെയ്തതെന്നും അറിയാൻ പ്രയാസമാണെന്ന് അവർ മനസ്സിലാക്കുന്നു. ഒരു കാലത്ത് കാനോനികമായി കണക്കാക്കപ്പെട്ടിരുന്ന മറ്റ് പുസ്തകങ്ങൾ ഉണ്ടെന്നും, പക്ഷേ അവ ആത്യന്തികമായി തിരുവെഴുത്തുകളുടെ ഭാഗമായിത്തീർന്നില്ല എന്നും, വാസ്തവത്തിൽ നമ്മുടെ കൈവശം ബൈബിൾ പുസ്തകങ്ങളുടെ ഒറിജിനൽ കോപ്പികൾ ഇല്ല എന്നും, നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടാക്കിയ പകർപ്പുകൾ മാത്രമാണ് ഉള്ളതെന്നും ഉള്ള വാസ്തവങ്ങൾ വൈദികരാകാൻ പോകുന്നവർ പഠിക്കുന്ന വിഷയങ്ങൾ ആണ്. എന്നാൽ അവരുടെ വൈദികവൃത്തി വേളയിൽ അവർ പഠിച്ച പല കാര്യങ്ങളും മറക്കുന്നതായി തോന്നുന്നു എന്ന് എർമാൻ അഭിപ്രായപ്പെടുന്നു.

വിമർശനങ്ങൾ
വിശ്വാസികളും ക്രിസ്തുമത വേദപണ്ഡിതന്മാരും മറ്റും എർമാനെപോളിയുള്ളവരെ ക്രിസ്തുമത വിരോധികളും, ഏതുരീതിയിലും ക്രിസ്തുമതത്തെ ആക്രമിച്ചു തകർക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവരായിട്ടാണ് പലപ്പോഴും വിലയിരുത്തുന്നത്. ലേഖനമെഴുതിയും, പുസ്തകം പ്രസിദ്ധികരിച്ചും, ചോദ്യങ്ങൾ ചോദിച്ചും ആളുകളെ എർമാൻ വഴിതെറ്റിക്കുന്നു എന്നാണ് കടുത്ത വിശ്വാസികളും, ക്രിസ്തുമത പണ്ഡിതന്മാരും പറയുന്നത്. അവരെ അതിൽ കുറ്റപ്പെടുത്തവനും സാധിക്കില്ല. കാരണം പതിറ്റാണ്ടുകളായി വിശ്വസിച്ചു വരുന്ന ചരിത്ര സംഭവങ്ങൾ യഥാർത്ഥത്തിൽ അവരെ പഠിപ്പിച്ച രീതിയിലല്ല അവ നടന്നത് എന്നറിയുമ്പോൾ തീർച്ചയായും എതിർപ്പുണ്ടാവും. പ്രതിയേകിച്ചു മതവും വിശ്വാസങ്ങളും ഉൾപ്പെടുന്ന വളരെ വൈകാരികമായ വസ്തുതകൾ ആകുമ്പോൾ അതിനോടുള്ള എതിർപ്പ് കൂടും. എൻറ്റെ അഭിപ്രായത്തിൽ ചോദ്യങ്ങൾ ചോദിക്കട്ടെ, ഉത്തരം തരാൻ സഭകളും അവരുടെ നേതാക്കന്മാരും, തെയോളൊജിയൻസും (theologians) ബാധ്യസ്ഥരാണ്. തന്നെ വിമർശിക്കുന്നവരുടെ എഴുത്തുകൾ എർമാൻ തൻറ്റെ ബ്ലോഗിൽ പ്രസിദ്ധികരിക്കുകയ്യും, അവക്കോരോന്നിനും മറുപടി നൽകുകയും ചെയുന്നുണ്ട്. അത്രെയും തുറവിയോടാണ് അദ്ദേഹം പഠനങ്ങളെ സമീപിക്കുന്നത്. കൂടുതലറിയാൻ സന്ദർശിക്കുക https://www.bartehrman.com/. ഒരു വശത്തു മിഥിസ്റ്റുകൾ യേശുക്രിസ്തു ഒരു കെട്ടുകഥയാണെന്ന് പറയുമ്പോൾ, മറു വശത്തു ക്രിസ്തുമത വേദപണ്ഡിതന്മാർ യേശു ക്രിസ്തുവിൻറ്റെ ദൈവികതക്കും, അത്ഭുതപ്രവർത്തികൾക്കും ഊന്നൽ കൊടുക്കുന്നു. എന്നാൽ എർമാനെപോലുള്ള സ്കോളേഴ്സ് ആവട്ടെ ചരിത്ര പുരുഷനായ യേശുവിനെ ലോകത്തിനു മുൻപിൽ തുറന്നുകാട്ടുന്നു.

എൻറ്റെ ഐഡന്റിറ്റി
രണ്ടു വർഷോത്തോളമായി ഞാൻ എന്തെങ്കിലും ചരിത്രാന്വേഷി ഗ്രൂപ്പിൽ എഴുതിയിട്ട്. എൻറ്റെ  ഐഡന്റിറ്റി, ഞാൻ പിന്തുടർന്നുവന്ന വിശ്വാസം എന്നവ സംബന്ധിച്ചു ഒരു റീതിങ്കിങ് പീരീഡ് കൂടി ആയിരുന്നു കഴിഞ്ഞ രണ്ട് വർഷങ്ങൾ. എല്ലാ സ്ഥലങ്ങളിലും പ്രീതിയേകിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ ശക്തമായി ഓർത്തഡോൿസ് കാതലിക് വിശ്വാസം, ചരിത്രം എന്നിവയെ ഡിഫൻഡ് ചെയ്താണ് ഞാൻ സംസാരിച്ചതും പ്രവർത്തിച്ചതും. ഓർത്തഡോൿസ് യൂണിറ്റിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു എൻ ജി ഒയുടെ കോഫൗണ്ടറും സെക്രെട്ടറിയുമായി ഏകേദശം പതിനാലു വർഷം പ്രവർത്തിച്ചിരുന്നു. ആ മേഖലയെക്കുറിച്ചും അല്ലാതെയും ധാരാളം പുസ്തകങ്ങളും ലേഖനങ്ങളും എനിക്ക് പ്രസിദ്ധികരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ പറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും പുറത്തുവരുന്നതിനും, പുതിയ ഒരു ലോകം എൻറ്റെ  മുന്നിൽ തുറന്നിട്ടതും എർമാനെപോലെയുള്ളവരാണ്. ഓർത്തോഡസ്‌ക് കാതലിക്ക് വിശ്വാസം ഉള്ള പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. അപ്പോൾ ആ വിശ്വാസവും ആയി ചേർന്നുനിൽക്കുന്ന ചരിത്രവും കഥകളും കൂടുതലും കേട്ടതും പഠിച്ചതും. പക്ഷെ അതിനുപരി ഒരു ചരിത്രമുണ്ടെന്നും, വിശ്വാസം എന്നത് സ്വയമേ തിരിച്ചറിയേണ്ട വസ്തുതയാണെന്നും എർമാന്റെ എഴുത്തുകൾ എന്നെ പഠിപ്പിച്ചു.
മലങ്കര നസ്രാണി എന്ന എൻറ്റെ ഐഡന്റിറ്റിയെ കുറച്ചു ബോധവനായത് എർമാൻറ്റെയും, ജീവൻ ഫിലീപ്പിൻറ്റെയും റിയലിസ്റ്റിക് സോഷിയോ ഹിസ്റ്റോറിക്കൽ (socio historical) എഴുത്തുകളിൽ കൂടിയാണ്. മലങ്കര നസ്രാണി എന്തുകൊണ്ട് ക്രിസ്ത്യാനി അല്ലെന്നും, മലങ്കരയിലേക്ക് കടന്നുവന്ന എല്ലാ വിശ്വാസങ്ങളും (ഓർത്തഡോൿസ്, നെസ്‌റ്റോറിയൻ, റോമൻ കത്തോലിക്ക, ആംഗ്ലിക്കൻ, പ്രോട്ടസ്ടന്റ്റ്) നസ്രാണികളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സ്വാധിനിച്ചതാണെന്നും ഏർലി ക്രിസ്ടിനിറ്റി മേഖലയിലെ പഠനങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് 'എ ഹിന്ദു ചർച്ച ആൻഡ് ആൻ ഇന്ത്യൻ ക്രൈസ്റ്റ് എന്ന പുസ്തകം' (A Hindu Church and an Indian Christ) എഴുതി പ്രസിദ്ധികരിച്ചതും. ക്രിസ്തുമതത്തക്കുറിച്ചു പൂർണമായും ഒരു പെർസ്പെക്റ്റീവ് റിവൊല്യൂഷൻ (perspective revolution) എന്നിലുണ്ടായി എന്ന് പറയാൻ സാധിക്കും. കാഴ്ചപ്പാടിലുള്ള മാറ്റം കൊണ്ട് ക്രിസ്തുമതത്തെകുറിച്ചു നേരെത്തെ പഠിച്ചതും വിശ്വസിച്ചരുന്നതും വെറുതെയായി പോയെന്ന്‌ തോന്നിയിട്ടില്ല. പക്ഷെ കാര്യങ്ങളുടെ നിജസ്ഥിതി കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുവാനും, ആദ്യകാല ക്രിസ്തുമത ഗ്രൂപ്പുകളെയും വിശ്വാസങ്ങളെയും കൂടുതൽ മനസിലാക്കുവാനും ഇങ്ങനെയുള്ള എഴുത്തുകൾ വളരെയധികം സഹായകരമായി തീർന്നു. ജീവൻ ഫിലിപ്പ് എഴുതി പ്രസിദ്ധികരിച്ച 'അൻമാസ്ക്കിങ് ദി സിറിയക്ക്സ്' (Unmasking the Syriacs) എന്ന പുസ്തകം ഈ പഠന മേഖലയിലെ വലിയ മുതൽക്കൂട്ടാണ്. നമ്മുടെ ഉള്ളിൽ എന്തെങ്കിലും രീതിയിലുള്ള തീവ്രമായ മത ചിന്തകൾ ഉണ്ടെങ്കിൽ, അതിനെ തരണം ചെയ്യാനും, തുറവിയോടെ കാര്യങ്ങളെ സമീപിക്കാനും ഇങ്ങനെയുള്ള പഠനങ്ങൾ കൊണ്ട് ഒരു വലിയ പരുതിവരെ സാധിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചരിത്രവും വിശ്വാസവും രണ്ടാണെന്നുള്ള ബോധ്യം ഉണ്ടാവേണ്ടത് വിമർശനാത്മക ക്രിസ്തുമത പഠനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുതയാണ്. ഞാൻ വിശ്വസിക്കുന്നത്, അല്ലെങ്കിൽ ഞാൻ പഠിച്ചത് മാത്രമാണ് ശരി എന്നുമുള്ള ചിന്തകൾക്ക് തീർച്ചയായും ഒരു അവസാനം ഉണ്ടാവുകയും ചെയ്യും. കുറച്ചുനാളുകൾക്ക് മുൻപ് ഞാൻ എഴുതിയ കേരളത്തിലെ ക്രിസ്ത്യൻ സഭകളെക്കുറിച്ചുള്ള പോസ്റ്റിന് വന്ന ഒരു കമ്മെന്റ്റ് ഞാൻ ഓർക്കുന്നു. "പക്ഷെ ഇതിൽ ക്രിസ്തു സ്ഥപിച്ചതു ഏതാണെന്ന്‌" ശ്രീ റിനു ജോസഫ് ചോദിച്ചിട്ടിരുന്നു. അതിന് മറുപടിയായി ശ്രീ ക്രിസ്റ്റി വർഗീസ് പറഞ്ഞ "ഒന്നുമില്ല" എന്ന മറുപടി ഇവിടെ വളരെ പ്രസക്തമാണെന്ന് എനിക്ക് തോനുന്നു.

കാഴ്ച്ചപ്പാടിൽ വന്ന മാറ്റങ്ങൾ
വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഒരുപാടു ഉൾക്കാഴ്ചകൾ സമ്മാനിച്ച അനുഭവമാണ് എർമാൻറ്റെ സ്കോളർലി എഴുത്തുകൾ. പക്ഷെ നമ്മൾ ആയിരിക്കുന്ന കംഫർട്ട് സോണിൽ നിന്നും മാറി നടക്കുവാനും ചിന്തിക്കുവാനുമുള്ള ആർജ്ജവ്വം ഉള്ളവർക്കേ ഇങ്ങനുള്ള പഠനങ്ങളുടെ മൂല്യം തിരിച്ചറിയാൻ സാധിക്കയുള്ളു എന്ന് തോന്നിയിട്ടുണ്ട്. ക്രിട്ടിക്കൽ ഹിസ്റ്റോറിക്കൽ രീതിയിലുള്ള ക്രിസ്തുമത ചരിത്രാവലോകനം ഒരു വിശാലമായ കാഴ്ചപ്പാടാണ് ലോകത്തിനു നൽകുന്നത്. ഏകദേശം മൂന്ന് വർഷങ്ങൾ കൊണ്ടാണ് എർമാൻ എഴുതിയ അഞ്ചു പുസ്തകങ്ങൾ വായിക്കാൻ സാധിച്ചത് (പുസ്തകങ്ങളുടെ ലിസ്റ്റ് റെഫെറെൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്). എർമാനെപോലെയുള്ളവവർ അവരുടെ പുസ്തകങ്ങളിലും അവതരണത്തിലും ക്രിസ്തുമതത്തെക്കുറിച്ചു ചോദിച്ച അതെ ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ചോദിച്ചത്തപ്പോഴാണ് ഞാൻ പിന്തുടർന്നുവന്ന വിശ്വാസവും, പഠിച്ച ക്രിസ്തുമത ചരിത്രവും അവയുടെ ഉൽഭവവും നിഷ്പക്ഷമായ കാഴ്ച്ചപ്പാടിൽ മനസിലാക്കാൻ സാധിച്ചത്. അന്തമായ ചില പഠിപ്പിക്കലുകളുടെ പേരിൽ എന്തിനുവേണ്ടിയോ വാസ്തവമറിയാതെ കുറേക്കാലം അധ്വാനിച്ചു എന്നതുകൊണ്ട് ഉണ്ടായ മരവിപ്പ് ഒഴിച്ച് നിർത്തിയാൽ ചരിത്ര വിസ്തുതകൾ അറിയാൻ സാധിച്ചെന്നുള്ള സന്തോഷം എന്നിൽ ബാക്കിയുണ്ട്.
വിമർശനങ്ങൾ എന്തൊക്കെ ആയാലും, എർമാനെപോലുള്ള സ്കോളേഴ്സിനെ പിന്തുടരുന്ന ഒരുപാടാളുകൾ ഇന്ന് ലോകത്തുണ്ട്, പ്രത്യേകിച്ചു അമേരിക്ക പോലുള്ള പാശ്ചാത്യ നാടുകളിൽ. കേരളത്തിൽ എർമാനെപോലുള്ളവരെ എന്തുമാത്രം അറിയും എന്ന് എനിക്ക് പറയാൻ സാധിക്കില്ല. എന്നാൽ കുറച്ചു പേരെങ്കിലും എർമാൻറ്റെ പുസ്തകങ്ങൾ വായിക്കുകയും അതിലെ ആശയങ്ങൾ ഉപയോഗിക്കുയും ചെയ്യുന്നുണ്ട് . എർമാനെപോലുള്ള സ്കോളേഴ്സ് എഴുതിയിട്ടുള്ള നിരവധി പുസ്തകങ്ങൾ സൗജന്യമായി പി ഡി എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തു വായിക്കാനുള്ള അവസരം പല വെബ്‌സൈറ്റുകളൂം നൽകുന്നുണ്ട്. യേശുവിൻറ്റെ ജീവിതത്തെക്കുറിച്ചും പ്രേഷിത പ്രവർത്തിയെക്കുറിച്ചും മറ്റും എല്ലവർക്കും ഉണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ ഈ പുസ്തകങ്ങൾ നല്ലൊരു പരുതിവരെ സഹായകമായി തീരും എന്ന് ഞാൻ കരുതുന്നു.
കൂടുതൽ വായനക്കും, റെഫറെൻസിനും താഴെ കൊടുത്തിരിക്കുന്ന പുസ്തകങ്ങളും, ലിങ്കുകളും ഉപയോഗിക്കുക. ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ, ധാരാളം സ്‌കോളേഴ്‌സും ചരിത്രകാരന്മാരും മേൽപ്പറഞ്ഞ വിഷയത്തിൽ നിരവധി പുസ്തകങ്ങളും ഗവേഷണ ലേഖനങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. അവയൊന്നും താഴെ കൊടുത്തിരിക്കുന്ന റെഫെറെൻസുകളിൽ ഉൾപെടുത്താൻ സാധിച്ചിട്ടില്ല.

Books

How Jesus Became God: The Exaltation of a Jewish Preacher from Galilee. Did Jesus Exist?: The Historical Argument for Jesus of Nazareth. Jesus, Interrupted: Revealing the Hidden Contradictions in the Bible (And Why We Don't Know About Them). Misquoting Jesus: The Story Behind Who Changed the Bible and Why. Lost Christianities: The Battles for Scripture and the Faiths We Never Knew.


Web Portals

Comments

Popular posts from this blog

Unmasking the Syriacs - A Book that Deserves Serious Attention!

The Unsung Voices of Malankara Nasranis - Review of 'A Hindu Church and an Indian Christ'

മലങ്കര സഭയും, മലങ്കര നസ്രാണികളും - ഒരു പുനർവായന